Headlines

*കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കോളെജ് തല വായനമല്‍സരത്തില്‍ ശരത് എക്ക് ഒന്നാം സ്ഥാനം *KSLC ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍ ഇവന്റ്‌സില്‍ ലഭ്യമാണ്‌. *കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹയര്‍ സെക്കന്ററി തലവായനമല്‍സരത്തില്‍ അമിത്ത് ടോം ജോസിന് ഒന്നാം സ്ഥാനം *കേരള സ്റ്ററ്റ് ലൈബ്രറി കൗസില്‍ ഐ.വി.ദാസ് പുരസ്‌കാരം സമ്മാനിച്ചു *അഖിലകേരള വായനോത്സവം - 2018 പി. ജെ. രേവതിയ്ക്ക്് ഒന്നാം സ്ഥാനം * ആർ.ആർ.ആർ.എൽ.എഫ്. ഗ്രന്ഥശാലാ വിവരേശേഖരണത്തിനുളള ചോദ്യാവലി ഡൗൺലോഡ്സ് ലിങ്കിൽ ലഭ്യമാണ്. *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.27 കോടി രൂപയുടെ ചെക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൈമാറി *കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍2018-19 വര്‍ഷത്തെ വിവിധ പുരസ്കാരങ്ങക്ക് അപേക്ഷ ക്ഷണിച്ചു, അപേക്ഷാ ഫോം ഡൗണ്‍ലോഡ്‌സ്‌ ടാബില്‍ ലഭ്യമാണ്

KERALA STATE LIBRARY COUNCIL

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ജനങ്ങളുടെ ആവശ്യകതാ ബോധത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും 
വിദ്യാഭ്യാസത്തിന്റെയും നന്മ തലമുറകളിലേയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും ഈ പ്രസ്ഥാനം ജാഗ്രത്തായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വിജ്ഞാന വ്യാപനത്തിന്റെ ജനകീയതയായിരുന്നു ഗ്രാമീണ ഗ്രന്ഥശാലകളെ അനുപമമായ സാമൂഹ്യ മുന്നേറ്റ വേദികളാക്കി മാറ്റിയത്.
ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി, ഇന്നത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, 1827ല്‍ സ്ഥാപിതമായി. തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളിന്റെ ഭരണത്തിന്‍കീഴില്‍ കേണല്‍ എഡ്വേര്‍ഡ് കഡോഗന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിരുന്നു ഈ ഗ്രന്ഥശാല സ്ഥാപിച്ചത്.
പൊതു ഗ്രന്ഥശാലകള്‍ എന്ന ആശയം കേരളത്തിന്റെ തെക്കന്‍ ദേശമായ തിരുവിതാംകൂറില്‍ 1894 മുതല്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. എന്നാല്‍ 1945ല്‍ അമ്പലപ്പുഴയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനത്തോടെയാണ് സംഘടിതരൂപത്തില്‍ 
ഗ്രന്ഥശാലാ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമായത്. പി.എന്‍. പണിക്കര്‍ എന്ന മികവുറ്റ സംഘാടകന്‍ അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ലൈബ്രറി എന്ന ഗ്രന്ഥാലയത്തില്‍ നിന്ന് നല്‍കിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് പ്രചോദനമാകുകയും ചെയ്തു. 
മലബാറിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച് വളര്‍ന്ന് വന്നവയാണ്. മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രന്ഥശാലകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു സംഘടിത പ്രസ്ഥാനത്തിന് രൂപം കൊടുക്കാനുള്ള പരിശ്രമത്തിന് മാര്‍ക്‌സിസ്റ്റ് ദാര്‍ശികനായിരുന്ന കെ. ദാമോദരന്‍ നേതൃത്വം നല്‍കി. 1937 മെയ് 14ന് കോഴിക്കോട് ഠൗണ്‍ഹാളില്‍ ചേര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സമ്മേളനം 'മലബാര്‍ ഗ്രന്ഥശാലാ സംഘ'ത്തിന്റെ രൂപീകരണത്തിന് തുടക്കംകുറിച്ചു. 1943 ഡിസംബര്‍ 8ന് കേരള ഗ്രന്ഥാലയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ് തിരുവിതാംകൂര്‍ - കൊച്ചി - മലബാര്‍ എന്നീ മൂന്ന് ഭരണപ്രദേശങ്ങളിലായാണ് മലയാളികള്‍ വസിച്ചിരുന്നത്. ഇവിടങ്ങളിലെ ജീവിത ശൈലിയും, നവോത്ഥാന - സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടുള്ള സമീപനവും വ്യത്യസ്ത രീതിയിലായിരുന്നു. ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിലും അവ സംഘടിപ്പിക്കുന്നതിലും ഈ വ്യത്യാസം കാണാന്‍ കഴിയും. മൂന്ന് പ്രദേശങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനും അതൊരു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഉണ്ടായിരുന്ന തനതായ ശൈലി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍
ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ശ്രമഫലമായി അവര്‍ ആഗ്രഹിച്ചതു പോലെ ജനകീയ മുഖമുള്ള ഗ്രന്ഥശാലാ നിയമം '1989ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ആക്ട്' കേരള നിയമസഭ പാസാക്കി. അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 1994ല്‍ നിലവില്‍ വന്നു. സംസ്ഥാന - ജില്ലാ - താലൂക്ക് തലങ്ങളില്‍ ഭരണസംവിധാനമായി. 1994 ഏപ്രില്‍ 27 ന് കടമ്മനിട്ട രാമകൃഷ്ണന്‍ പ്രസിഡന്റായും ഐ.വി. ദാസ് സെക്രട്ടറിയുമായി ആദ്യ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അധികാരം ഏറ്റെടുത്തു. 
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ഇപ്പോള്‍ 8182 ഗ്രന്ഥശാലകള്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. ഗ്രന്ഥശാലകളുടെ നടത്തിപ്പിനും ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിനും വേണ്ട ധനസഹായം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വിവിധ ഗ്രാന്റുകളായി ഗ്രന്ഥശലാകള്‍ക്ക് നല്‍കുന്നു. സര്‍ക്കാര്‍ ഗ്രാന്റും ലൈബ്രറി സെസുമാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വരുമാന മാര്‍ഗങ്ങള്‍. ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ പ്രസിഡന്റും അഡ്വ. പി. അപ്പുക്കുട്ടന്‍ സെക്രട്ടറിയുമായുള്ള അഞ്ചാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലാണ് ഇപ്പോള്‍ നിലവിലുള്ളത്. 

നിങ്ങളുടെ നിര്‍ദ്ദേശങ്ങളും, നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ന്യൂനതകളും ഞങ്ങള്‍ക്കെഴുതുക.

Write to us